എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലീഗ് ടേബിളിൽ ഒന്നാമതുള്ള ആഴ്സണലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി. ഇടക്കാല പരിശീലകനായി ചുമതലയേറ്റ മൈക്കൽ കരിക്കിന് കീഴിൽ യുണൈറ്റഡ് നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ ആഴ്ചയിലെ മാഞ്ചസ്റ്റർ ഡെർബി വിജയത്തിന് പിന്നാലെ ആഴ്സണലിനെയും വീഴ്ത്തിയതോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ നിൽക്കുകയാണ്.

രണ്ട് തവണ പിന്നിലായിരുന്നിട്ടും ശക്തമായി തിരിച്ചുവന്നാണ് യുണൈറ്റഡ് വിജയം പിടിച്ചെടുത്തത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടീനസിന്റെ ഓൺ ഗോളിലൂടെ ആഴ്സണലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 37-ാം മിനിറ്റിൽ ആഴ്സണലിന്റെ പിഴവ് മുതലെടുത്ത് എംബ്യൂമോയിലൂടെ യുണൈറ്റഡ് സമനില പിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് പാട്രിക് ഡോർഗു നേടിയ ഗോൾ യുണൈറ്റഡിനെ മുന്നിലെത്തിച്ചു (2-1). ബോക്സിന് പുറത്ത് നിന്ന് ഒരു വേൾഡ് ക്ലാസ് സ്ട്രൈക്കിലൂടെ ആയിരിന്നു ഈ ഗോൾ.
മത്സരത്തിന്റെ 84-ാം മിനിറ്റിൽ മൈക്കൽ മെറീനോയിലൂടെ ആഴ്സണൽ സമനില കണ്ടെത്തിയതോടെ കളി ആവേശകരമായി. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയില്ല. മൂന്ന് മിനിറ്റുകൾക്ക് അകം മാത്യൂസ് കുഞ്ഞ്യ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത വെടിയുണ്ട പോലുള്ള ഷോട്ട് ആഴ്സണൽ വലയിൽ പതിച്ചതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
ഈ തോൽവി ആഴ്സണലിന് വൻ തിരിച്ചടിയാണ്. അവരുടെ ഒന്നാം സ്ഥാനത്തെ ലീഡ് 4 പോയിന്റായി കുറഞ്ഞിരിക്കുകയാണ്.









