ബംഗളൂരുവിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം. വഡോദരയിലെ കോട്ടമ്പി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബിയെ വെറും 109 റൺസിന് പുറത്താക്കിയ ഡൽഹി, 26 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. ഈ സീസണിലെ ആർസിബിയുടെ ആദ്യ തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് നായിക സ്മൃതി മന്ദാനയുടെ (38) ബാറ്റിംഗ് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് തകർച്ചയായിരുന്നു. 65/2 എന്ന മികച്ച നിലയിൽ നിന്നാണ് അവർ 109 റൺസിന് കൂടാരം കയറിയത്. ഡൽഹിക്ക് വേണ്ടി നന്ദനി ശർമ്മ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ മരിസാൻ കാപ്പ്, ചിനെല്ലെ ഹെൻറി, മലയാളി താരം മിന്നു മണി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി പിന്തുണ നൽകി.
മറുപടി ബാറ്റിംഗിൽ ഷഫാലി വർമ്മയെയും ലിസെല്ലെ ലീയെയും തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ലോറ വോൾവാർട്ട് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു. പുറത്താകാതെ 38 പന്തിൽ 42 റൺസ് നേടിയ വോൾവാർട്ടും ജെമീമ റോഡ്രിഗസും (24) ചേർന്നുള്ള പ്രകടനമാണ് ഡൽഹിയുടെ ജയം അനായാസമാക്കിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും പ്ലേ ഓഫ് സാധ്യതകൾ വർദ്ധിപ്പിക്കാനും ഡൽഹി ക്യാപിറ്റൽസിന് സാധിച്ചു.









