റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കി. കിവീസ് ഉയർത്തിയ 209 റൺസെന്ന കൂറ്റൻ ലക്ഷ്യം വെറും 15.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിൽ എത്തി. ഇഷാൻ കിഷന്റെയും നായകൻ സൂര്യകുമാർ യാദവിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

ആദ്യ ഓവറുകളിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണെയും (6) അഭിഷേക് ശർമ്മയെയും (0) നഷ്ടമായി ഇന്ത്യ ഒന്ന് പതറിയെങ്കിലും പിന്നീട് ഇഷാൻ കിഷനും സൂര്യകുമാറും ചേർന്ന് കിവീസ് ബൗളർമാരെ നിലംപരിശാക്കി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 122 റൺസിന്റെ വെടിക്കെട്ട് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 32 പന്തിൽ 76 റൺസ് (11 ഫോർ, 4 സിക്സ്) നേടി പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 37 പന്തിൽ 82 റൺസുമായി (9 ഫോർ, 4 സിക്സ്) പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
അവസാനം ശിവം ദുബെയും (18 പന്തിൽ 36*) ആക്രമിച്ചു കളിച്ചതോടെ 28 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ ലക്ഷ്യം കണ്ടു. ന്യൂസിലൻഡ് ബൗളർമാരിൽ മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ വേഗതയ്ക്ക് തടയിടാൻ ആർക്കും കഴിഞ്ഞില്ല. ഫോക്സ് മൂന്ന് ഓവറിൽ 67 റൺസാണ് വഴങ്ങിയത്.









