ലിവർപൂളിന്റെ ഇടംകൈയ്യൻ പ്രതിരോധ താരം ആൻഡി റോബർട്ട്‌സണെ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിക്കാൻ ടോട്ടനം ഹോട്‌സ്‌പർ നീക്കങ്ങൾ സജീവമാക്കി. ജൂണിൽ കരാർ അവസാനിക്കുന്നത് വരെ കാത്തുനിൽക്കാതെ, 31-കാരനായ ഈ സ്കോട്ട്‌ലൻഡ് ക്യാപ്റ്റനെ ഉടൻ തന്നെ ലണ്ടനിൽ എത്തിക്കാനാണ് ടോട്ടനത്തിന്റെ ശ്രമം.

നിലവിൽ ലിവർപൂളിൽ മിലോസ് കെർക്കെസിന് പിന്നിൽ പകരക്കാരനായി തുടരുന്ന റോബർട്ട്‌സണെ ടീമിലെത്തിക്കുന്നത് വഴി ടോട്ടനത്തിന്റെ പ്രതിരോധ നിരയിലെ വിടവ് നികത്താൻ സാധിക്കുമെന്നാണ് പരിശീലകൻ കരുതുന്നത്. ഡെസ്റ്റിനി ഉഡോഗി, ജെഡ് സ്പെൻസ് തുടങ്ങിയ താരങ്ങളുടെ പരിക്കും ബെൻ ഡേവിസിന്റെ ശസ്ത്രക്രിയയും കാരണം പ്രതിരോധത്തിൽ ടോട്ടനം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.
2017-ൽ ഹൾ സിറ്റിയിൽ നിന്നും 8 മില്യൺ പൗണ്ടിന് ലിവർപൂളിലെത്തിയ റോബർട്ട്‌സൺ ക്ലബ്ബിനായി 363 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും നേടിയ അദ്ദേഹത്തിന് ഈ സീസണിൽ വെറും നാല് മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ടിംഗ് ഇലവനിൽ അവസരം ലഭിച്ചത്. വരാനിരിക്കുന്ന ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെ നയിക്കേണ്ടതിനാൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കുന്ന ഒരു ക്ലബ്ബിലേക്ക് മാറാനാണ് താരം ആഗ്രഹിക്കുന്നത്.









