ബ്രസീലിയൻ മിഡ്ഫീൽഡർ കസെമിറോ 2025-26 സീസണൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരത്തിന്റെ കരാർ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അത് പുതുക്കേണ്ടതില്ലെന്നാണ് ക്ലബ്ബിന്റെ തീരുമാനം. 2022-ൽ റയൽ മാഡ്രിഡിൽ നിന്നും 60 മില്യൺ പൗണ്ടിലധികം തുകയ്ക്കാണ് ഈ 33-കാരൻ യുണൈറ്റഡിലെത്തിയത്.
നിലവിൽ ആഴ്ചയിൽ 3,50,000 പൗണ്ട് ശമ്പളം വാങ്ങുന്ന താരത്തെ ഒഴിവാക്കുന്നത് വഴി വലിയൊരു സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി ക്ലബ്ബായ അൽ നസറിലേക്ക് കാസെമിറോ ചേക്കേറുമെന്ന റിപ്പോർട്ടുകളും ശക്തമാണ്.
കാസെമിറോയുടെ വിടവാങ്ങൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. . ഈ സീസണിലെ പ്രകടനം പരിഗണിച്ച് കരാർ നീട്ടാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ക്ലബ്ബ് മാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിൽ ബ്രസീൽ ടീമിലെ പ്രധാന താരമായി കാസെമിറോ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ തുടക്കമാണ്. വലിയ മത്സരങ്ങളിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ആരാധകർക്ക് നഷ്ടമാകുമെങ്കിലും ടീമിന്റെ ഭാവി കണക്കിലെടുത്തുള്ള കൃത്യമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.









