ഇന്ത്യൻ ബാറ്റിംഗ് താരം ജെമിമ റോഡ്രിഗസ് വരാനിരിക്കുന്ന ‘ദ ഹണ്ട്രഡ്’ സീസണിൽ സതേൺ ബ്രേവുമായി കരാറൊപ്പിട്ടു. നോർത്തേൺ സൂപ്പർചാർജേഴ്സിനൊപ്പം മൂന്ന് വർഷം ചെലവഴിച്ച ശേഷമാണ് ജെമിമ പുതിയ ടീമിലേക്ക് മാറുന്നത്. ഡൽഹി ക്യാപിറ്റൽസിലെ തന്റെ സഹതാരവും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനുമായ ലോറ വോൾവാർട്ടിനൊപ്പമാകും ജെമിമ സതേൺ ബ്രേവിനായി ഇറങ്ങുക.
ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി നേടി മികച്ച ഫോമിൽ നിൽക്കുന്ന 25-കാരിയായ ജെമിമയുടെ വരവ് ബ്രേവിന്റെ ബാറ്റിംഗ് നിരയ്ക്ക് വലിയ കരുത്താകും. ദ ഹണ്ട്രഡ് ടൂർണമെന്റിലെ തന്റെ അരങ്ങേറ്റത്തിൽ പുറത്താകാതെ 92 റൺസ് നേടിയതടക്കം മികച്ച റെക്കോർഡുള്ള ജെമിമയുടെ സാന്നിധ്യം കഴിഞ്ഞ വർഷം ഫൈനലിൽ പരാജയപ്പെട്ട സതേൺ ബ്രേവിനെ കിരീടത്തിലേക്ക് നയിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
ലോകത്തെ മുൻനിര ഏകദിന ബാറ്ററായ ലോറ വോൾവാർട്ടും ജെമിമയും ചേരുന്നതോടെ സതേൺ ബ്രേവിന്റെ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും.









