ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിയെ മറികടന്ന് ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്തെത്തി. 845 പോയിന്റോടെയാണ് മിച്ചൽ സിംഹാസനം പിടിച്ചെടുത്തത്. ഇതോടെ 795 പോയിന്റുള്ള ഇന്ത്യൻ താരം വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 352 റൺസാണ് മിച്ചൽ അടിച്ചുകൂട്ടിയത്. ഒരു മൂന്ന് മത്സര പരമ്പരയിൽ ഒരു കിവീസ് താരം നേടുന്ന ഏറ്റവും ഉയർന്ന റൺസാണിത്. തന്റെ കരിയറിലെ രണ്ടാമത്തെ തവണയാണ് മിച്ചൽ ലോക ഒന്നാം നമ്പർ പദവിയിലെത്തുന്നത്.
പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയ മിച്ചൽ, വെറും 54 ഇന്നിംഗ്സുകളിൽ നിന്ന് ഒൻപത് ഏകദിന സെഞ്ച്വറികൾ എന്ന നാഴികക്കല്ലും പിന്നിട്ടു. ഇതോടെ ഏറ്റവും വേഗത്തിൽ ഒൻപത് ഏകദിന സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ നാലാമത്തെ താരമായി അദ്ദേഹം മാറി. ഇൻഡോറിൽ നടന്ന നിർണ്ണായകമായ അവസാന ഏകദിനത്തിൽ കോഹ്ലി 124 റൺസിന്റെ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചെങ്കിലും മിച്ചലിന്റെ അസാമാന്യ സ്ഥിരത അദ്ദേഹത്തിന് റാങ്കിംഗിൽ മുൻതൂക്കം നൽകുകയായിരുന്നു.
ഇൻഡോറിൽ സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സ് 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20-ാം റാങ്കിലെത്തി. മിച്ചലുമൊത്തുള്ള അദ്ദേഹത്തിന്റെ 219 റൺസിന്റെ കൂട്ടുകെട്ട് ന്യൂസിലൻഡ് ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പാർട്ണർഷിപ്പാണ്. ബൗളിംഗ് റാങ്കിംഗിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ന്യൂസിലൻഡിന്റെ മൈക്കൽ ബ്രേസ്വെൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 33-ാം റാങ്കിലെത്തി.









