യൂറോപ്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് പുതിയ ടി20 ലീഗ് വരുന്നു. ‘യൂറോപ്യൻ ടി20 പ്രീമിയർ ലീഗ്’ (ETPL) എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പൻ ടൂർണമെന്റ് അയർലൻഡ്, സ്കോട്ട്‌ലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലായാണ് നടക്കുന്നത്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ ഓസ്ട്രേലിയൻ സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ടി20 ക്യാപ്റ്റൻ മിച്ചൽ മാർഷ് എന്നിവർ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ആറ് ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന് ഐസിസിയുടെ പൂർണ്ണ അംഗീകാരവുമുണ്ട്. ക്രിക്കറ്റ് ലോകത്തെ പ്രഗത്ഭരും ബോളിവുഡ് താരങ്ങളുമാണ് ഈ ലീഗിലെ ടീമുകളുടെ ഉടമസ്ഥരായി എത്തുന്നത്. ഓസ്ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ ഹോക്കി താരം ജാമി ദ്വയറുമായി ചേർന്ന് ‘ആംസ്റ്റർഡാം ഫ്ലെയിംസ്’ എന്ന ടീമിനെ സ്വന്തമാക്കി.
ഗ്ലെൻ മാക്സ്‌വെൽ ‘ഐറിഷ് വോൾവ്സ്’ എന്ന ടീമിന്റെ സഹഉടമയാണ്. മുൻ ന്യൂസിലൻഡ് താരങ്ങളായ കൈൽ മിൽസ്, നഥാൻ മക്കല്ലം എന്നിവർ എഡിൻബർഗ് ഫ്രാഞ്ചൈസിയെ നയിക്കുന്നു. ബോളിവുഡ് താരം അഭിഷേക് ബച്ചനാണ് ഇന്ത്യൻ നിക്ഷേപകർക്കൊപ്പം ഈ സംരംഭത്തിന്റെ സ്ഥാപകരിലൊരാൾ. ആംസ്റ്റർഡാം, ബെൽഫാസ്റ്റ്, എഡിൻബർഗ് എന്നിവിടങ്ങളിലെ ടീമുകളെ ഇതിനകം വിറ്റുപോയിട്ടുണ്ട്. ഡബ്ലിൻ, റോട്ടർഡാം, ഗ്ലാസ്ഗോ ടീമുകൾക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
അയർലൻഡ്, സ്കോട്ട്‌ലൻഡ്, നെതർലൻഡ്സ് ക്രിക്കറ്റ് ബോർഡുകളുമായി ചേർന്നാണ് അഭിഷേക് ബച്ചന്റെയും സ്റ്റീവ് വോയുടെയും നേതൃത്വത്തിലുള്ള സംഘം ഈ ലീഗ് സംഘടിപ്പിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും സൗകര്യങ്ങളും ടൂർണമെന്റിനായി ഒരുക്കും.









