യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ഏഴാം ലീഗ് മത്സരത്തിലും ജയം നേടി ആഴ്‌സണൽ. സാൻ സിറോയിൽ ശക്തമായ ടീമും ആയി ഇറങ്ങിയ ഇന്റർ മിലാനെ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ നിന്നു ഏഴു മാറ്റങ്ങളും ആയി ഇറങ്ങിയ ആഴ്‌സണൽ 3-1 നു ആണ് തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ ലീഗിലെ ആദ്യ രണ്ടു സ്ഥാനങ്ങൾ ആഴ്‌സണൽ ഉറപ്പിച്ചു. ആക്രമിച്ചു തുടങ്ങിയ ആഴ്‌സണൽ 10 മിനിറ്റിൽ തന്നെ മികച്ച ടീം നീക്കത്തിന് ഒടുവിൽ മുന്നിലെത്തി. ടിംബർ നൽകിയ പാസിൽ നിന്നു ഗബ്രിയേൽ ജീസുസ് ആണ് ആഴ്‌സണലിന് ആയി ഗോൾ കണ്ടെത്തിയത്. എന്നാൽ 18 മത്തെ മിനിറ്റിൽ കൗണ്ടറിൽ നിന്നു പീറ്റർ സുചിചിന്റെ അതുഗ്രൻ ഷോട്ടിലൂടെ ഇന്റർ സമനില ഗോൾ നേടി. ആഴ്‌സണൽ അവസരങ്ങൾ തുറന്നപ്പോൾ ഇന്റർ കൗണ്ടർ അറ്റാക്കിൽ ആണ് ശ്രദ്ധിച്ചത്.

31 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ആഴ്‌സണൽ സെറ്റ് പീസിൽ നിന്നു ഗോൾ നേടുന്നത് ആണ് കാണാൻ ആയത്. സാകയുടെ കോർണറിൽ നിന്നു ട്രൊസാർഡിന്റെ ഹെഡർ ബാറിൽ തട്ടി തന്നിലേക്ക് വന്നപ്പോൾ അനായാസം ആയി ഹെഡ് ചെയ്തു ഗോൾ നേടിയ ജീസുസ് ആഴ്‌സണൽ മുന്നേറ്റം തിരിച്ചു പിടിച്ചു. തുടർന്ന് ഇടക്ക് സമനിലക്ക് ആയി ഇന്റർ നന്നായി ശ്രമിച്ചെങ്കിലും ആഴ്‌സണൽ തന്നെയാണ് കളിയിൽ മികച്ചു നിന്നത്. രണ്ടാം പകുതിയിൽ മാറ്റങ്ങൾ കൊണ്ടു വന്ന ആർട്ടെറ്റ അതിനു ഫലവും നേടി. 84 മത്തെ മിനിറ്റിൽ ഇന്ററിന് ലഭിച്ച കോർണറിൽ നിന്നു ലഭിച്ച പന്ത് പകരക്കാരൻ വിക്ടർ ഗ്യോകെറസിന് മികച്ച ലോങ് പാസിലൂടെ മറ്റൊരു പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി മറിച്ചു നൽകി. തുടർന്ന് സാകയും ആയുള്ള കൊടുക്കൽ വാങ്ങലിന് ശേഷം ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ ഗ്യോകെറസ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. പരാജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ പ്ലെ ഓഫ് ഒഴിവാക്കാൻ ആദ്യ എട്ടിൽ എത്താൻ ഇന്ററിന് അവസാന മത്സരത്തിൽ ഡോർട്ട്മുണ്ടിനെ തോൽപ്പിക്കണം.









