ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ വിശ്രമത്തിന് മുതിരാതെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ ഇന്ത്യൻ ടെസ്റ്റ്, ഏകദിന നായകൻ ശുഭ്മാൻ ഗിൽ തീരുമാനിച്ചു. ജനുവരി 22 മുതൽ രാജ്കോട്ടിൽ സൗരാഷ്ട്രയ്ക്കെതിരെ നടക്കുന്ന പഞ്ചാബിന്റെ നിർണ്ണായകമായ രഞ്ജി ട്രോഫി മത്സരത്തിലാണ് 26-കാരനായ താരം കളിക്കുക.

നിലവിൽ ഗ്രൂപ്പ് ബിയിൽ ആറാം സ്ഥാനത്തുള്ള പഞ്ചാബിന് നോക്കൗട്ട് സാധ്യതകൾ നിലനിർത്താൻ ഈ വിജയം അത്യന്താപേക്ഷിതമാണ്. ഇൻഡോറിൽ നിന്ന് രാജ്കോട്ടിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്തതിനാൽ എട്ട് മണിക്കൂർ നീണ്ട യാത്ര വേണ്ടിവന്നിട്ടും ടീമിനോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ഗിൽ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറാവുകയായിരുന്നു.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗിൽ പങ്കെടുത്തിരുന്നു. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയ്ക്കെതിരെ പഞ്ചാബിന്റെ ബാറ്റിംഗ് നിരയ്ക്ക് കരുത്തേകാൻ ഗില്ലിന്റെ സാന്നിധ്യം സഹായിക്കും.









