സെനഗലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

Newsroom

Resizedimage 2026 01 19 16 17 40 1


ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ വിജയത്തിനിടെ സെനഗൽ താരങ്ങൾ നടത്തിയ നാടകീയമായ ഗ്രൗണ്ട് ബഹിഷ്കരണത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ശക്തമായി അപലപിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മൊറോക്കോ താരം ബ്രാഹിം ഡയസിനെ ഫൗൾ ചെയ്തതിന് വാറിലൂടെ (VAR) പെനാൽറ്റി അനുവദിച്ചതിനെത്തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

Resizedimage 2026 01 19 06 57 05 2

പെനാൽറ്റി തീരുമാനത്തിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ ഒന്നടങ്കം മൈതാനം വിട്ടുപോയി. സൂപ്പർ താരം സാദിയോ മാനെ മാത്രം ഗ്രൗണ്ടിൽ തുടരുകയും സഹതാരങ്ങളോട് തിരിച്ചുവരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഈ സമയമത്രയും ഗാലറിയിൽ ആരാധകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയതോടെ ഏകദേശം 20 മിനിറ്റോളം മത്സരം തടസ്സപ്പെട്ടു.


പിന്നീട് മത്സരം പുനരാരംഭിച്ചപ്പോൾ ബ്രാഹിം ഡയസ് എടുത്ത പെനാൽറ്റി സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി തടഞ്ഞു. തുടർന്ന് എക്സ്ട്രാ ടൈമിൽ പാപ്പെ ഗുയേ നേടിയ തകർപ്പൻ ഗോളിലൂടെ സെനഗൽ 1-0 ന് വിജയം സ്വന്തമാക്കുകയായിരുന്നു. എന്നാൽ സെനഗൽ താരങ്ങളുടെ പെരുമാറ്റം ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ഇൻഫാന്റിനോ വ്യക്തമാക്കി. വലിയ മത്സരങ്ങളിൽ സമ്മർദ്ദം സ്വാഭാവികമാണെങ്കിലും, റഫറിയുടെ തീരുമാനങ്ങളെ ബഹുമാനിക്കാത്ത ഇത്തരം നടപടികൾ ഫുട്ബോളിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും യുവതലമുറയ്ക്ക് ഇത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോയുടെ സംഘാടനത്തെ പ്രശംസിച്ച അദ്ദേഹം, സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനോട് ആവശ്യപ്പെട്ടു.