ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ രംഗത്തെത്തി. ഇൻഡോറിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 338 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഡാരിൽ മിച്ചലിന്റെ തകർപ്പൻ സെഞ്ച്വറിയും (137) ഗ്ലെൻ ഫിലിപ്സിന്റെ സെഞ്ച്വറിയും ചേർന്നുള്ള 219 റൺസിന്റെ കൂട്ടുകെട്ടാണ് കിവീസിനെ മികച്ച നിലയിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 46 ഓവറിൽ 296 റൺസിന് പുറത്തായതോടെ 41 റൺസിന്റെ തോൽവിയും 2-1 ന് പരമ്പരയും വഴങ്ങേണ്ടി വന്നു.

മത്സരത്തിന്റെ മധ്യ ഓവറുകളിൽ സ്പിന്നർമാരായ കുൽദീപ് യാദവിനെയും രവീന്ദ്ര ജഡേജയെയും കൃത്യസമയത്ത് ഉപയോഗിക്കുന്നതിൽ ഗില്ലിന് പിഴവ് പറ്റിയെന്ന് രഹാനെ ചൂണ്ടിക്കാട്ടി. കുൽദീപ് യാദവിനെ വെറും മൂന്ന് ഓവർ മാത്രം എറിയിച്ച് 38-ാം ഓവർ വരെ കാത്തുനിന്നത് വലിയ അബദ്ധമായെന്ന് അദ്ദേഹം പറഞ്ഞു. വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള ജഡേജയെ 30-ാം ഓവർ വരെ പന്തേൽപ്പിക്കാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. ഈ പരിചയക്കുറവാണ് ഇന്ത്യയെ കളിയിൽ പിന്നിലാക്കിയതെന്നും രഹാനെ നിരീക്ഷിച്ചു.
രഹാനെയുടെ അഭിപ്രായത്തെ പിന്തുണച്ച് മുൻ താരം സഹീർ ഖാനും രംഗത്തെത്തി. ജഡേജയെ വൈകി പന്തേൽപ്പിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. യുവതാരം നിതീഷ് റെഡ്ഡിക്ക് കൂടുതൽ അവസരം നൽകാൻ ഗിൽ ശ്രമിച്ചതാകാം സ്പിന്നർമാരെ വൈകിപ്പിക്കാൻ കാരണമെന്നും സഹീർ വിലയിരുത്തി. എന്നാൽ റെഡ്ഡി എട്ട് ഓവറുകൾ എറിഞ്ഞിട്ടും വിക്കറ്റൊന്നും നേടാനായില്ല.









