ആഴ്സണലിന്റെ യുക്രെയ്നിയൻ താരം ഒലെക്സാണ്ടർ സിൻചെങ്കോ ലോൺ വ്യവസ്ഥയിൽ ഡച്ച് ക്ലബ്ബായ അയാക്സിലേക്ക് ചേരുന്നു. നിലവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ ലോണിൽ കളിക്കുന്ന താരം അവിടെനിന്നും നേരത്തെ മടങ്ങി ആംസ്റ്റർഡാമിലെത്തി അടുത്ത 24 മണിക്കൂറിനുള്ളിൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കും.
ജൂൺ മാസം വരെയുള്ള താരത്തിന്റെ മുഴുവൻ ശമ്പളവും അയാക്സ് തന്നെ വഹിക്കുമെന്നാണ് പ്രമുഖ ട്രാൻസ്ഫർ വിദഗ്ധൻ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. ആഴ്സണലുമായുള്ള സിൻചെങ്കോയുടെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ, മികച്ച പ്രകടനം പുറത്തെടുത്താൽ താരത്തെ സ്ഥിരമായി നിലനിർത്താനും അയാക്സിന് സാധിക്കും.
നോട്ടിംഗ്ഹാം ഫോറസ്റ്റിൽ ഷീൻ ഡൈച്ചിന് കീഴിൽ സിൻചെങ്കോയ്ക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. 29-കാരനായ താരം അവിടെ വെറും പത്ത് മത്സരങ്ങളിൽ മാത്രമാണ് ബൂട്ട് കെട്ടിയത്. പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാതെ വന്നതോടെയാണ് ലോൺ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ താരത്തെ ഒഴിവാക്കാൻ ഫോറസ്റ്റ് തീരുമാനിച്ചത്. നേരത്തെ ആഴ്സണലിൽ നിന്നും അയാക്സിലെത്തിയ ടകെഹിരോ ടോമിയാസുവിനൊപ്പം സിൻചെങ്കോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ നീക്കത്തിനുണ്ട്. ആൻറോൺ ഗായേയെപ്പോലുള്ള പ്രമുഖർ ക്ലബ്ബ് വിട്ട സാഹചര്യത്തിൽ സിൻചെങ്കോയുടെ വരവ് അയാക്സിന്റെ പ്രതിരോധ നിരയ്ക്ക് വലിയ കരുത്താകും.
മുൻപ് 2016/17 സീസണിൽ പിഎസ്വി ഐന്തോവനിൽ കളിച്ച പരിചയം സിൻചെങ്കോയ്ക്ക് ഡച്ച് ലീഗായ എറെഡിവിസിയിൽ ഗുണകരമാകും.









