നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഗോൾരഹിത സമനിലയിൽ കുരുങ്ങി ആഴ്‌സണൽ

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാർ ആയ മാഞ്ചസ്റ്റർ സിറ്റിയും ആയുള്ള പോയിന്റ് വ്യത്യാസം 9 ആക്കി മാറ്റാനുള്ള അവസരം പാഴാക്കി ആഴ്‌സണൽ. ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ അവരുടെ മൈതാനത്ത് ആഴ്‌സണൽ ഗോൾ രഹിത സമനിലയിൽ പിരിയുക ആയിരുന്നു. ഇതോടെ സിറ്റിയും ആയി 7 പോയിന്റ് വ്യത്യാസം ആണ് ആഴ്‌സണലിന് ഉള്ളത്. സാകയെയും ട്രൊസാർഡിനെയും ബെഞ്ചിൽ ഇരുത്തി എത്തിയ ആഴ്‌സണൽ അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും അതൊന്നും മുതലാക്കാൻ ആയില്ല. ആദ്യ പകുതിയിൽ ലഭിച്ച സുവർണാവസരം ഗബ്രിയേൽ മാർട്ടിനെല്ലി പാഴാക്കുന്നതും കാണാൻ ആയി.

പ്രതിരോധത്തിൽ എല്ലാം നൽകി കളിച്ച ഫോറസ്റ്റിന്റെ പ്രതിരോധ കോട്ട മറികടക്കാൻ രണ്ടാം പകുതിയിലും ആഴ്‌സണലിന് ആയില്ല. സാകയുടെ പാസിൽ നിന്നു റൈസിന്റെ ഷോട്ട് അനായാസം രക്ഷിച്ച ഫോറസ്റ്റ് ഗോൾ കീപ്പർ മാറ്റ് സെൽസ്, റൈസിന്റെ ക്രോസിൽ നിന്നു ബുകയോ സാകയുടെ ഗോൾ എന്നുറച്ച ഹെഡർ അവിശ്വസനീയം ആയാണ് തട്ടി മാറ്റിയത്. ഇടക്ക് അയിനയുടെ ഹാന്റ് ബോളിന് ആയി വാർ പെനാൽട്ടി പരിശോധന നടത്തിയെങ്കിലും ആഴ്‌സണലിന് അത് അനുവദിച്ചില്ല. മറുവശത്ത് കൗണ്ടർ അറ്റാക്കിൽ ശ്രദ്ധിച്ച ഫോറസ്റ്റിന് പക്ഷെ ഒരിക്കൽ പോലും ഡേവിഡ് റയയെ പരീക്ഷിക്കാൻ ആയില്ല. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഫോറസ്റ്റിന് ഇത് വലിയ പോയിന്റ് തന്നെയാണ്. ജയിക്കാൻ ആയില്ല എന്ന നിരാശയാവും മിഖേൽ ആർട്ടെറ്റയുടെ ടീമിനെ അലട്ടുക.