മെഗ് ലാനിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ്; മുംബൈ ഇന്ത്യൻസിനെതിരെ യുപി വാരിയേഴ്‌സിന് മികച്ച സ്കോർ

Newsroom

Resizedimage 2026 01 17 16 53 41 1


വുമൺസ് പ്രീമിയർ ലീഗ് (WPL) 2026-ലെ പത്താം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ യുപി വാരിയേഴ്‌സ് മികച്ച സ്കോർ പടുത്തുയർത്തി. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ യുപി വാരിയേഴ്‌സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.

1000418529

ക്യാപ്റ്റൻ മെഗ് ലാനിംഗിന്റെ ഉജ്ജ്വല ബാറ്റിംഗാണ് ടീമിന് കരുത്തായത്. വെറും 45 പന്തുകളിൽ നിന്ന് 11 ഫോറുകളും 2 സിക്സറുകളും ഉൾപ്പെടെ 70 റൺസാണ് ലാനിംഗ് അടിച്ചുകൂട്ടിയത്. രണ്ടാം വിക്കറ്റിൽ ഫോബി ലിച്ചീൽഡുമായി ചേർന്ന് ലാനിംഗ് പടുത്തുയർത്തിയ 119 റൺസിന്റെ കൂട്ടുകെട്ട് ഇന്നിംഗ്സിലെ നിർണ്ണായകമായി. 37 പന്തിൽ 61 റൺസെടുത്ത ലിച്ചീൽഡ് പുറത്തായതോടെയാണ് മുംബൈയ്ക്ക് ആശ്വസിക്കാൻ വക ലഭിച്ചത്.


തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച യുപി വാരിയേഴ്‌സ് പവർപ്ലേ ഓവറുകളിൽ 56 റൺസ് നേടിയിരുന്നു. മധ്യനിരയിൽ ഹർലീൻ ഡിയോൾ (25), ക്ലോ ട്രിയോൺ (21) എന്നിവരും വേഗത്തിൽ റൺസ് ഉയർത്താൻ സഹായിച്ചു. എന്നാൽ അവസാന ഓവറുകളിൽ മുംബൈ ബൗളർമാർ ശക്തമായി തിരിച്ചുവരികയായിരുന്നു. വെറും 11 റൺസിനിടെ നാല് വിക്കറ്റുകൾ വീഴ്ത്തിയ മുംബൈ യുപി വാരിയേഴ്‌സിന്റെ സ്കോർ 200 കടക്കാതെ നിയന്ത്രിച്ചു.

മുംബൈയ്ക്കായി അമേലിയ കെർ നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നാറ്റ് സ്കൈവർ ബ്രണ്ട് രണ്ട് വിക്കറ്റും ഹെയ്‌ലി മാത്യൂസ്, നിക്കോള കെയറി, അമൻജോത് കൗർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.