ബാഴ്സലോണയുടെ ഭാവി വാഗ്ദാനമെന്ന് കരുതിയിരുന്ന 18-കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡ്രോ ഫെർണാണ്ടസ് ക്ലബ്ബ് വിടാനൊരുങ്ങുന്നത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ കരാറിലുള്ള 6 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് (Release Clause) നൽകി ജനുവരിയിൽ തന്നെ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി ഔദ്യോഗികമായി നീക്കം തുടങ്ങി.
ഈ ജനുവരി 12-ന് 18 വയസ്സ് തികഞ്ഞ ഡ്രോ, ബാഴ്സലോണയുമായി പുതിയ കരാറിൽ ഒപ്പിടുമെന്നാണ് മാനേജ്മെന്റ് കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി താരം ക്ലബ്ബ് വിടാനുള്ള താല്പര്യം അറിയിക്കുകയായിരുന്നു. ഹാൻസി ഫ്ലിക്കിന് കീഴിൽ ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ കളിച്ച താരം, ചാമ്പ്യൻസ് ലീഗിൽ ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ലാ മാസിയയിൽ വളർന്ന താരം ടീം വിടുന്നത് ഹാൻസി ഫ്ലിക്കിനെ ഏറെ നിരാശനാക്കിയിട്ടുണ്ട്.
പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്വയുമായി ഡ്രോയുടെ ഏജന്റ് ഐവാൻ ഡി ലാ പെനയ്ക്കുള്ള അടുത്ത ബന്ധം ഈ ട്രാൻസ്ഫർ എളുപ്പമാക്കുമെന്നാണ് കരുതുന്നത്. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബയേൺ മ്യൂണിക്ക് തുടങ്ങിയ വമ്പൻ ക്ലബ്ബുകളും ഡ്രോയ്ക്കായി ശ്രമം നടത്തുന്നുണ്ടെങ്കിലും പിഎസ്ജിക്കാണ് നിലവിൽ മുൻതൂക്കം. ബാഴ്സലോണയുടെ പെഡ്രിയുമായും തിയാഗോ അൽകാന്ററയുമായും താരതമ്യം ചെയ്യപ്പെടുന്ന ഡ്രോ ഫെർണാണ്ടസിന്റെ വരവ് പിഎസ്ജിയുടെ യുവനിരയ്ക്ക് വലിയ കരുത്താകും









