എഫ്സി ബാഴ്സലോണയുടെ ഇതിഹാസ ഗോൾകീപ്പറും ക്യാപ്റ്റനുമായ മാർക്ക് ആന്ദ്രെ ടെർ സ്റ്റീഗൻ ലോൺ വ്യവസ്ഥയിൽ പ്രാദേശിക വൈരികളായ ജിറോണയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. ഈ സീസൺ അവസാനം വരെയുള്ള കരാറിനായി ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് പ്രമുഖ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്കിന് കീഴിൽ യുവ ഗോൾകീപ്പർ ജോവാൻ ഗാർഷ്യക്ക് മുന്നിൽ സ്റ്റാർട്ടിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടതാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ജർമ്മൻ താരത്തെ പ്രേരിപ്പിച്ചത്. 2026 ലോകകപ്പിന് മുന്നോടിയായി മത്സരപരിചയം നിലനിർത്താൻ പതിവായി കളിക്കേണ്ടത് അനിവാര്യമാണെന്ന് 33-കാരനായ താരം കരുതുന്നു.
ബാഴ്സലോണയിൽ വലിയ പ്രതിഫലം വാങ്ങുന്ന താരമായ ടെർ സ്റ്റീഗൻ, ജിറോണയുടെ സാമ്പത്തിക പരിധികൾക്കുള്ളിൽ നിന്ന് കരാർ സാധ്യമാക്കുന്നതിനായി തന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം വേണ്ടെന്ന് വെക്കാൻ സമ്മതിച്ചിട്ടുണ്ട്. ഏകദേശം ഒരു ദശലക്ഷം യൂറോ മാത്രമാകും താരത്തിന്റെ ശമ്പള ഇനത്തിൽ ജിറോണ വഹിക്കുക.









