ക്രിസ്റ്റൽ പാലസ് നായകൻ മാർക്ക് ഗുഹിയെ സ്വന്തമാക്കുന്നതിനായുള്ള ചർച്ചകൾ മാഞ്ചസ്റ്റർ സിറ്റി അവസാന ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. ഏകദേശം 20 ദശലക്ഷം പൗണ്ടും (ഏകദേശം 220 കോടി രൂപ) മറ്റ് ബോണസുകളും അടങ്ങുന്ന തുകയ്ക്കാണ് താരം സിറ്റിയിലേക്ക് ചേക്കേറുന്നത്.

ഇംഗ്ലണ്ട് ദേശീയ ടീം അംഗമായ ഗുഹിയുമായുള്ള കരാർ 2031 വരെ നീളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ പ്രതിരോധ താരങ്ങളായ ജോസ്കോ ഗ്വാർഡിയോൾ, റൂബൻ ഡയസ് എന്നിവർക്കേറ്റ പരിക്ക് സിറ്റിയുടെ പ്രതിരോധ നിരയെ സാരമായി ബാധിച്ചിരുന്നു. ഈ വിടവ് നികത്താനാണ് 25-കാരനായ ഗുഹിയെ ടീമിലെത്തിക്കാൻ പെപ് ഗ്വാർഡിയോള താൽപ്പര്യം പ്രകടിപ്പിച്ചത്.
താരത്തിന്റെ നിലവിലെ കരാർ ജൂണിൽ അവസാനിക്കാനിരിക്കെ, സൗജന്യമായി ടീം വിട്ടുപോകുന്നത് ഒഴിവാക്കാൻ പാലസ് ഈ ജനുവരിയിൽ തന്നെ താരത്തെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ക്രിസ്റ്റൽ പാലസിനായി 187 മത്സരങ്ങളിൽ കളിച്ച ഗുഹി, കഴിഞ്ഞ മെയ് മാസത്തിൽ ടീമിനെ അവരുടെ ആദ്യത്തെ പ്രധാന കിരീടമായ എഫ്.എ കപ്പ് വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. ട്രാൻസ്ഫർ നടപടികൾ അവസാന ഘട്ടത്തിലായതിനാൽ നാളത്തെ മത്സരത്തിൽ ഗുഹി കളിക്കില്ലെന്ന് പരിശീലകൻ ഒലിവർ ഗ്ലാസ്നർ സ്ഥിരീകരിച്ചിട്ടുണ്ട്.









