വൈഭവ് സൂര്യവംശിയുടെ വളർച്ചയെ U 19 ക്രിക്കറ്റ് പ്രതികൂലമായി ബാധിക്കും എന്ന് ഡബ്ല്യു.വി രാമൻ

Newsroom

Vaibhav Suryavanshi


ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയുടെ കരിയറിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം ഡബ്ല്യു.വി രാമൻ പങ്കുവെച്ച നിരീക്ഷണം കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഐപിഎല്ലിലും ഇന്ത്യ എ ടീമിനായും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വൈഭവിനെ അണ്ടർ 19 തലത്തിൽ കളിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് രാമൻ ട്വീറ്റ് ചെയ്തു.

Vaibhav Suryavanshi വൈഭവ്

“ഇതൊരു ജനപ്രിയമല്ലാത്ത അഭിപ്രായമായേക്കാം, എന്നാൽ സൂര്യവംശി ഇതിനോടകം തന്നെ ഐപിഎല്ലിലും എ സീരീസിലും തന്റെ മികവ് തെളിയിച്ചതാണ്. അദ്ദേഹത്തെ വീണ്ടും അണ്ടർ 19 തലത്തിൽ കളിപ്പിക്കുന്നത് വളർച്ചയെ തടസ്സപ്പെടുത്തും. അദ്ദേഹം മത്സരങ്ങൾ ജയിപ്പിച്ചു തന്നേക്കാം, പക്ഷേ നമ്മൾ എപ്പോഴും വലിയ ലക്ഷ്യങ്ങളെക്കുറിച്ചായിരിക്കണം ചിന്തിക്കേണ്ടത്,” അദ്ദേഹം കുറിച്ചു.


വെറും 14 വയസ്സുമാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു കഴിഞ്ഞു. രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ 35 പന്തിൽ സെഞ്ചുറി നേടി ഏറ്റവും പ്രായം കുറഞ്ഞ ഐപിഎൽ സെഞ്ചുറിയൻ എന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. കൂടാതെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 150 റൺസ് (59 പന്തിൽ), ഇന്ത്യ എ ടീമിനായി യുഎഇക്കെതിരെ 32 പന്തിൽ നേടിയ സെഞ്ചുറി എന്നിവ അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവുകളാണ്. ഈ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ യൂത്ത് ഏകദിനത്തിൽ 15 പന്തിൽ അർദ്ധസെഞ്ചുറി നേടി ഋഷഭ് പന്തിന്റെ റെക്കോർഡും വൈഭവ് തകർത്തിരുന്നു.
എന്നാൽ നിലവിൽ സിംബാബ്‌വെയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് വൈഭവ്. ആറാമത്തെ ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വൈഭവിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് സെലക്ടർമാരുടെ പക്ഷം.

കഠിനമായ ടൂർണമെന്റുകളിലെ സമ്മർദ്ദം അതിജീവിക്കാനും നേതൃപാടവം വളർത്താനും ഇത് സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.