ഇന്ത്യൻ വനിതാ ഫുട്ബോളിലെ സൂപ്പർ താരം മനീഷ കല്യാൺ പെറുവിലെ പ്രമുഖ ക്ലബ്ബായ അലിയാൻസ ലിമയിൽ (Alianza Lima) ചേർന്നു. ദക്ഷിണ അമേരിക്കയിലെ ഒരു ഒന്നാം നിര ക്ലബ്ബിൽ കളിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം ഇതോടെ 23-കാരിയായ മനീഷ സ്വന്തമാക്കി.

പെറുവിയൻ ചാമ്പ്യന്മാരായ അലിയാൻസ ലിമ വ്യാഴാഴ്ചയാണ് തങ്ങളുടെ പുതിയ മിഡ്ഫീൽഡറായി മനീഷയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗ്രീക്ക് ക്ലബ്ബായ പിഎഒകെ (PAOK) വിട്ടാണ് മനീഷ ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ ആവേശത്തിലേക്ക് ചുവടുവെക്കുന്നത്.
പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശിയായ മനീഷയുടെ കരിയറിലെ മറ്റൊരു വലിയ നാഴികക്കല്ലാണിത്.
സൈപ്രസിലെ അപ്പോളോൺ ലേഡീസിനായി കളിച്ച് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ (UEFA Women’s Champions League) കളിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോർഡ് മനീഷ നേരത്തെ സ്വന്തമാക്കിയിരുന്നു. സൈപ്രസിലും ഗ്രീസിലും നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് ഈ ഇന്ത്യൻ ഫോർവേഡിനെ ലാറ്റിൻ അമേരിക്കൻ ക്ലബ്ബുകളുടെ ശ്രദ്ധയിൽ എത്തിച്ചത്.
ഇന്ത്യൻ വനിതാ ദേശീയ ടീമിനായി 40-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള മനീഷ പത്ത് ഗോളുകളും നേടിയിട്ടുണ്ട്. 2021-ൽ ബ്രസീലിനെതിരെ ഗോൾ നേടിയതിലൂടെയാണ് മനീഷ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. എഐഎഫ്എഫിന്റെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള താരം, ഗോകുലം കേരളയ്ക്കായി ഐഡബ്ല്യുഎൽ (IWL) കിരീടം നേടുന്നതിലും നിർണ്ണായക പങ്കുവഹിച്ചിരുന്നു.









