സ്പാനിഷ് കോപ്പ ഡെൽ റേ പ്രീ-ക്വാർട്ടറിൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽബാസെറ്റെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ് റയൽ മാഡ്രിഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി. പുതിയ പരിശീലകനായി ചുമതലയേറ്റ ആൽവാരോ അർബലോവയുടെ കീഴിലുള്ള റയലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

കഴിഞ്ഞയാഴ്ച സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സലോണയോട് തോറ്റതിന് പിന്നാലെ സാബി അലോൺസോയെ പുറത്താക്കിയാണ് അർബലോവയെ പരിശീലകനായി നിയമിച്ചത്. എന്നാൽ ഈ മാറ്റം ടീമിന് ഗുണകരമായില്ല എന്ന് തെളിയിക്കുന്നതായിരുന്നു അൽബാസെറ്റെയുടെ തട്ടകമായ കാർലോസ് ബെൽമോണ്ടെ സ്റ്റേഡിയത്തിൽ നടന്ന ഈ അപ്രതീക്ഷിത തോൽവി.
കനത്ത മൂടൽമഞ്ഞിനിടയിൽ നടന്ന മത്സരത്തിൽ നാടകീയമായ നിമിഷങ്ങളാണ് അരങ്ങേറിയത്. 42-ാം മിനിറ്റിൽ ഹാവി വില്ലാറിലൂടെ അൽബാസെറ്റെയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫ്രാങ്കോ മസ്താൻറുവോണോയിലൂടെ റയൽ സമനില പിടിച്ചു. മത്സരത്തിന്റെ 82-ാം മിനിറ്റിൽ ജെഫ്‌റ്റെ ബെറ്റാൻകോർ വീണ്ടും ആതിഥേയരെ മുന്നിലെത്തിച്ചു.
ഇഞ്ച്വറി മിനുറ്റിന്റെ ഒന്നാം മിനിറ്റിൽ (91′) ഗോൺസാലോ ഗാർഷ്യ നേടിയ ഗോളിലൂടെ റയൽ ഒരിക്കൽ കൂടി സമനില പിടിച്ചെങ്കിലും, കളി തീരാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ (94′) ബെറ്റാൻകോർ തന്റെ രണ്ടാം ഗോൾ നേടി അൽബാസെറ്റെയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു.









