ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കെ.എൽ രാഹുലിന്റെ വെടിക്കെട്ട് സെഞ്ച്വറി മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. 92 പന്തിൽ പുറത്താകാതെ 112 റൺസ് നേടിയ രാഹുലിന്റെ എട്ടാം ഏകദിന സെഞ്ച്വറിയാണിത്. 11 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മൈക്കൽ ബ്രേസ്വെൽ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

നായകൻ ശുഭ്മാൻ ഗിൽ (56) മികച്ച തുടക്കം നൽകിയെങ്കിലും രോഹിത് ശർമ്മ (24), വിരാട് കോലി (23), ശ്രേയസ് അയ്യർ (8) എന്നിവർ വേഗത്തിൽ പുറത്തായത് ഇന്ത്യയെ ഒരു ഘട്ടത്തിൽ 118-ന് 4 എന്ന നിലയിൽ പ്രതിരോധത്തിലാക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെ (27) കൂട്ടുപിടിച്ച് രാഹുൽ പടുത്തുയർത്തിയ 73 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. പിന്നീട് നിതീഷ് കുമാർ റെഡ്ഡിയുമായി (20) ചേർന്ന് അവസാന ഓവറുകളിൽ രാഹുൽ സ്കോർ വേഗത്തിലുയർത്തി.
ന്യൂസിലൻഡിനായി ക്രിസ്റ്റ്യൻ ക്ലർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. കെയ്ൽ ജാമിസൺ, മൈക്കൽ ബ്രേസ്വെൽ, ഫോക്സ്, ജെയ്ഡൻ ലെനോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഈ മത്സരം കൂടി ജയിക്കാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കാം.









