ലിവർപൂളിൽ അവസരങ്ങൾ കുറഞ്ഞതിനെത്തുടർന്ന് ഇറ്റാലിയൻ വിങ്ങർ ഫെഡറിക്കോ കിയേസ തന്റെ മുൻ ക്ലബ്ബായ യുവന്റസിലേക്ക് മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. ഇതിനായി നിലവിൽ ലിവർപൂളിൽ ലഭിക്കുന്ന 6 മില്യൺ യൂറോ വാർഷിക ശമ്പളത്തിൽ ഗണ്യമായ കുറവ് വരുത്താൻ അദ്ദേഹം തയ്യാറാണെന്ന് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

18 മാസം മുമ്പ് യുവന്റസ് വിട്ട താരം, വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി കൂടുതൽ മത്സരങ്ങളിൽ കളിക്കാനാണ് ഇറ്റലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. ടൂറിനിലെ തന്റെ പഴയ സഹതാരങ്ങളുമായി ചിയേസ ഇതിനോടകം സംസാരിച്ചതായും സൂചനകളുണ്ട്.
ഈ സീസണിൽ ലിവർപൂളിനായി 529 മിനിറ്റ് മാത്രം കളത്തിലിറങ്ങിയ കിയേസയ്ക്ക് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടാനായത്. കിയേസയെ വിൽക്കാൻ ലിവർപൂൾ തയ്യാറാണെങ്കിലും തുകയുടെ കാര്യത്തിൽ ഇരു ക്ലബ്ബുകളും തമ്മിൽ ചർച്ചകൾ തുടരുകയാണ്. താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ഏകദേശം 12 മില്യൺ യൂറോയാണ് ലിവർപൂൾ ആവശ്യപ്പെടുന്നത്. എന്നാൽ യുവന്റസ് നിലവിൽ ലോൺ അടിസ്ഥാനത്തിൽ താരത്തെ കൊണ്ടുവരാനാണ് താല്പര്യപ്പെടുന്നത്.









