ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കും എന്ന് ക്ലബ് സ്ഥിരീകരിച്ചു

Newsroom

Resizedimage 2026 01 14 15 26 08 1

കൊച്ചി, ജനുവരി 14, 2026: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. പങ്കെടുക്കും എന്ന് ക്ലബറിയിച്ചു. 2026 ഫെബ്രുവരിയിൽ സീസൺ ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

1000412592

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു.

നിലവിലെ സാഹചര്യങ്ങളിൽ ആരാധകർക്കുള്ള ആശങ്കകൾ ക്ലബ്ബ് തിരിച്ചറിയുന്നുണ്ട്. ചില പ്രധാന വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലബ്ബ് സജീവമായി പരിശോധിച്ചു വരികയാണ്.

ഇന്ത്യൻ ഫുട്ബോൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, കായികരംഗത്തിൻ്റെ ഭാവി മുൻനിർത്തി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ തീരുമാനം. വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കും.

ക്ലബ്ബ് നേരിടുന്ന ഈ സാഹചര്യത്തിൽ നൽകുന്ന പിന്തുണയ്ക്കും കാണിക്കുന്ന ക്ഷമയ്ക്കും ആരാധകരോടും മറ്റ് പങ്കാളികളോടും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി രേഖപ്പെടുത്തുന്നു.