2026 ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ സെമിഫൈനൽ സാധ്യതകളെക്കുറിച്ച് പ്രവചനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകൾ അവസാന നാലിലെത്തുമെന്നാണ് അക്രത്തിന്റെ വിലയിരുത്തൽ.

സ്വന്തം നാടായ പാകിസ്ഥാനെയും മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും അദ്ദേഹം പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങൾ നന്നായി അറിയാവുന്ന ഇന്ത്യയ്ക്ക് സ്വന്തം മണ്ണിലെ ബാറ്റിംഗ് കരുത്തും സ്പിൻ നിരയും മുൻതൂക്കം നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
വലിയ ടൂർണമെന്റുകളിൽ ഓസ്ട്രേലിയ പുലർത്തുന്ന മാനസികക്കരുത്തും ദക്ഷിണാഫ്രിക്കയുടെ സന്തുലിതമായ പേസ് നിരയും അവരെ അപകടകാരികളാക്കുമെന്ന് അക്രം ചൂണ്ടിക്കാട്ടി. ആഗോള ടൂർണമെന്റുകളിൽ എന്നും നിശബ്ദമായി മികവ് പുലർത്തുന്ന ന്യൂസിലൻഡിനെയും അദ്ദേഹം പിന്തുണയ്ക്കുന്നു.
ഇന്ത്യ, പാകിസ്ഥാൻ, യുഎസ്എ, നെതർലൻഡ്സ്, നമീബിയ എന്നിവർ ഗ്രൂപ്പ് എയിലും ഓസ്ട്രേലിയയും ശ്രീലങ്കയും ഗ്രൂപ്പ് ബിയിലും ഉൾപ്പെടുമ്പോൾ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഗ്രൂപ്പ് ഡിയിലാണ് മാറ്റുരയ്ക്കുന്നത്. നിലവിലെ പ്രകടനങ്ങൾ മുൻനിർത്തി അക്രം നടത്തിയ ഈ പ്രവചനം ചരിത്രത്തേക്കാൾ ഫോമിനാണ് പ്രാധാന്യം നൽകുന്നത്.









