ഈ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ യുവതാരം റൂണി ബാർദ്ജിയെ ലോണിൽ വിട്ടുനൽകാനാവില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കി. ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോയും പരിശീലകൻ ഹാൻസി ഫ്ലിക്കും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.

കഴിഞ്ഞ വേനൽക്കാലത്ത് കോപ്പൻഹേഗനിൽ നിന്ന് ബാഴ്സയിലെത്തിയ ഈ 20-കാരനെ ടീമിന്റെ ഭാവി പദ്ധതികളിലെ നിർണ്ണായക സാന്നിധ്യമായാണ് ക്ലബ്ബ് കാണുന്നത്. എഫ്സി പോർട്ടോ ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ ബാർദ്ജിക്കായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആ ഓഫറുകളെല്ലാം ബാഴ്സലോണ തള്ളിക്കളയുകയായിരുന്നു.
ഹാൻസി ഫ്ലിക്കിന്റെ കീഴിലുള്ള ഹൈ-പ്രസ്സിംഗ് ഗെയിമിന് ബാർദ്ജിയുടെ വേഗതയും ഡ്രിബ്ലിംഗ് മികവും ഏറെ അനുയോജ്യമാണെന്ന് മാനേജ്മെന്റ് വിശ്വസിക്കുന്നു. നിലവിൽ ലമിൻ യമാലിന് പിന്നിലായി ടീമിൽ അവസരങ്ങൾ കുറവാണെങ്കിലും താരത്തിന്റെ വളർച്ചയിൽ ക്ലബ്ബിന് വലിയ പ്രതീക്ഷയുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം ആദ്യം താരത്തെ ഔദ്യോഗികമായി സീനിയർ ടീമിൽ രജിസ്റ്റർ ചെയ്യുകയും മെസ്സിയും ലാമിൻ യമാലും മുമ്പ് അണിഞ്ഞ 19-ാം നമ്പർ ജേഴ്സി നൽകുകയും ചെയ്തിരുന്നു.
താരത്തെ മറ്റ് ക്ലബ്ബുകളിലേക്ക് വിടുന്നത് അദ്ദേഹത്തിന്റെ പുരോഗതിയെ ബാധിക്കുമെന്നതിനാൽ ക്ഷമയോടെ ബാഴ്സയിൽ തന്നെ വളർത്താനാണ് ഫ്ലിക്കിന്റെ തീരുമാനം.









