നാപ്പോളി പരിശീലകൻ അന്റോണിയോ കോണ്ടെയ്ക്ക് ഇറ്റാലിയൻ സീരി എയിൽ രണ്ട് മത്സരങ്ങളിൽ വിലക്കും 15,000 യൂറോ പിഴയും ശിക്ഷ വിധിച്ചു. ലീഗ് ലീഡർമാരായ ഇന്റർ മിലാനെതിരായ ആവേശകരമായ പോരാട്ടത്തിനിടെ റെഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്നാണ് നടപടി.

ഇന്ററിന് അനുകൂലമായി ലഭിച്ച വിവാദ പെനാൽറ്റിയിൽ പ്രകോപിതനായ കോണ്ടെ, ഗ്രൗണ്ടിന് പുറത്തിരുന്ന പന്ത് തട്ടിത്തെറിപ്പിക്കുകയും നാലാം റഫറിയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്ന ടണലിലും അദ്ദേഹം തന്റെ പ്രതിഷേധം തുടർന്നതായി ഡിസിപ്ലിനറി കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ 39 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള നാപ്പോളിക്ക് കോണ്ടെയുടെ അഭാവം വലിയ തിരിച്ചടിയാണ്. ഒന്നാം സ്ഥാനത്തുള്ള ഇന്ററുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ വിലക്ക് വരുന്നത്. വിലക്ക് നേരിടുന്നതിനാൽ പാർമ, സാസുവോളോ എന്നിവർക്കെതിരായ വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിൽ കോണ്ടെയ്ക്ക് ടീമിനെ ഗ്രൗണ്ടിലിരുന്ന് നയിക്കാൻ സാധിക്കില്ല.









