റയൽ മാഡ്രിഡിനെതിരായ സ്പാനിഷ് സൂപ്പർകോപ്പ ഫൈനലിൽ ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് ബാഴ്സലോണ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോങിന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കിലിയൻ എംബാപ്പെയെ ഫൗൾ ചെയ്തതിനാണ് താരത്തിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്.
റഫറി ഹോസെ ലൂയിസ് മുനുവേര മോണ്ടെറോയുടെ റിപ്പോർട്ട് പ്രകാരം, പന്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ ഫൗൾ ചെയ്തതൊനാണ് നടപടി. ഈ വിലക്ക് വരുന്ന വ്യാഴാഴ്ച (ജനുവരി 15) റേസിംഗ് സാന്റാൻഡറിനെതിരെ നടക്കാനിരിക്കുന്ന കോപ്പ ഡെൽ റേ പ്രീ-ക്വാർട്ടർ മത്സരത്തിലാകും താരം അനുഭവിക്കുക.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബാഴ്സയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്ന ഡി യോങ് ടീമിന്റെ മധ്യനിരയിലെ പ്രധാനിയായിരുന്നു. എങ്കിലും, കോപ്പ ഡെൽ റേയിൽ വിലക്ക് ലഭിക്കുന്നത് വഴി ജനുവരി 18-ന് റയൽ സോസിഡാഡിനെതിരെ നടക്കുന്ന നിർണ്ണായകമായ ലാ ലിഗ മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിക്കും എന്നത് ബാഴ്സലോണയ്ക്ക് ആശ്വാസം നൽകുന്നു.









