പാകിസ്ഥാൻ വംശജനായ യുഎസ്എ ഫാസ്റ്റ് ബൗളർ അലി ഖാന് 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ വിസ നിഷേധിക്കപ്പെട്ടത് യുഎസ്എ ടീമിന് വലിയ തിരിച്ചടിയായി. വിസ ലഭിക്കാത്ത വാർത്ത അലി ഖാൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്.

യുഎസ്എയ്ക്കായി 18 ടി20 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളും 15 ഏകദിനങ്ങളിൽ നിന്ന് 33 വിക്കറ്റുകളും നേടിയിട്ടുള്ള 35-കാരനായ ഈ താരം ടീമിലെ നിർണ്ണായക സാന്നിധ്യമാണ്. 2024-ലെ ലോകകപ്പിൽ ഋഷഭ് പന്ത്, ഫഖർ സമാൻ തുടങ്ങിയ പ്രമുഖ താരങ്ങളുടെ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്.
ഇന്ത്യ, പാകിസ്ഥാൻ, നമീബിയ, നെതർലൻഡ്സ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് യുഎസ്എ ഉൾപ്പെട്ടിരിക്കുന്നത്. ടൂർണമെന്റിൽ യുഎസ്എയുടെ മൂന്ന് മത്സരങ്ങൾ ഇന്ത്യയിലും ഒന്ന് ശ്രീലങ്കയിലുമാണ് നടക്കുന്നത്. ഫെബ്രുവരി 7-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെയാണ് യുഎസ്എയുടെ ആദ്യ പോരാട്ടം. വിസ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് യുഎസ് അധികൃതർ.









