മൈക്കൽ കാരിക്കിന്റെ പരിശീലക സംഘത്തിൽ ചേരാനുള്ള അവസരം നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 18 ടീമിനെ നയിക്കുന്നതിൽ തന്നെ തുടരാൻ മുൻ താരം ഡാരൻ ഫ്ലെച്ചർ തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച റൂബൻ അമോറിമിനെ പുറത്താക്കിയതിനെത്തുടർന്ന് സീസൺ അവസാനിക്കുന്നത് വരെ കാരിക്കിനെ ഇടക്കാല പരിശീലകനായി നിയമിച്ചിരുന്നു.

അമോറിമിന്റെ പടിയിറക്കത്തിന് ശേഷം രണ്ട് മത്സരങ്ങളിൽ താൽക്കാലികമായി സീനിയർ ടീമിനെ നിയന്ത്രിച്ചിരുന്നത് ഫ്ലെച്ചറായിരുന്നുവെങ്കിലും, ഇപ്പോൾ ക്ലബ്ബിന്റെ യുവപ്രതിഭകളെ വളർത്തിയെടുക്കുന്ന ദൗത്യത്തിലേക്ക് അദ്ദേഹം തിരികെ മടങ്ങുകയാണ്. ഭാവിയിൽ ഒരു ഫുൾടൈം മാനേജറാകാൻ ലക്ഷ്യമിടുന്ന ഫ്ലെച്ചർ, താഴെത്തട്ടിൽ പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് കരുതുന്നു.
കാരിക്കിന്റെ പരിശീലക സംഘത്തിൽ സ്റ്റീവൻ ഹോളണ്ട്, ജോനാഥൻ വുഡ്‌ഗേറ്റ്, ജോണി ഇവാൻസ്, ട്രാവിസ് ബിന്നിയൻ എന്നിവർ ഉൾപ്പെടും. മാഞ്ചസ്റ്റർ ഡെർബി പോലുള്ള നിർണ്ണായക മത്സരങ്ങൾ വരാനിരിക്കെ അനുഭവസമ്പത്തുള്ള ഈ സംഘം ടീമിന് കരുത്താകുമെന്നാണ് വിലയിരുത്തൽ.









