ബെംഗളൂരുവിൽ നടന്ന വിജയ് ഹസാരെ ട്രോഫി നാലാം ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ 76 റൺസിന് പരാജയപ്പെടുത്തി വിദർഭ സെമിഫൈനലിലേക്ക് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത വിദർഭ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. യാഷ് റാത്തോഡിന്റെ തകർപ്പൻ ബാറ്റിംഗും (86), അഥർവ തായ്‌ഡെയുടെ (62) അർധസെഞ്ചുറിയുമാണ് വിദർഭയെ മികച്ച നിലയിലെത്തിച്ചത്.
ധ്രുവ് ഷോറെ (49) റാത്തോഡിനൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 90 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി. ഡൽഹി ബൗളർമാരിൽ ഇഷാന്ത് ശർമ്മയും നവദീപ് സൈനിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയെങ്കിലും എക്സ്ട്രാ ഇനത്തിൽ വിട്ടുനൽകിയ റൺസുകൾ അവർക്ക് തിരിച്ചടിയായി.
301 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ പോരാട്ടം 45.1 ഓവറിൽ 224 റൺസിൽ അവസാനിച്ചു. ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (28) വൈഭവ് കണ്ട്‍പാലും (28) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകരുകയായിരുന്നു. അനുജ് റാവത്ത് 66 റൺസെടുത്ത് പൊരുതി നോക്കിയെങ്കിലും മറ്റാർക്കും പിന്തുണ നൽകാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ഭൂതെയുടെയും മൂന്ന് വിക്കറ്റ് നേടിയ ഹർഷ് ദുബെയുടെയും പന്തുകൾക്ക് മുന്നിൽ ഡൽഹി ബാറ്റർമാർ പതറി. ക്യാപ്റ്റൻ നിതീഷ് റാണ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഡൽഹിക്ക് വലിയ ആഘാതമായി. സെമിഫൈനലിൽ കരുത്തരായ കർണാടകയാണ് വിദർഭയുടെ എതിരാളികൾ.









