അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് മിഡ്‌ഫീൽഡർ കോണർ ഗല്ലഹർ ടോട്ടനം ഹോട്ട്‌സ്‌പറിലേക്ക് ചേക്കേറുന്നു. 2026 ജനുവരി 13-ന് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കുന്നതിനായി 25-കാരനായ താരം ലണ്ടനിലെത്തി. ഏകദേശം 40 മില്യൺ യൂറോയ്ക്കാണ് (34.7 മില്യൺ പൗണ്ട്) അത്‌ലറ്റിക്കോ മാഡ്രിഡുമായി ടോട്ടനം ധാരണയിലെത്തിയത്.

ആസ്റ്റൺ വില്ല താരത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ടോട്ടനം ഈ നീക്കം ഹൈജാക്ക് ചെയ്യുകയായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിൽ ഈ സീസണിൽ കുറഞ്ഞ അവസരങ്ങൾ മാത്രം ലഭിച്ചിരുന്ന ഗല്ലഗർ, തന്റെ പ്രീമിയർ ലീഗ് മടങ്ങിവരവിലൂടെ 2026 ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഹാംസ്ട്രിംഗിന് പരിക്കേറ്റ് മൂന്ന് മാസത്തേക്ക് പുറത്തായ റോഡ്രിഗോ ബെന്റൻകൂറിന് പകരക്കാരനായാണ് ടോട്ടനം പരിശീലകൻ തോമസ് ഫ്രാങ്ക് ഗല്ലഗറെ ടീമിലെത്തിക്കുന്നത്. 2024-ൽ ചെൽസിയിൽ നിന്ന് സ്പെയിനിലേക്ക് മാറിയ താരം 18 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുന്നത്. അഞ്ച് വർഷത്തെ കരാറിലായിരിക്കും താരം ടോട്ടനത്തിൽ ഒപ്പുവെക്കുക.









