ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലീസ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന പരമ്പരയോടെ താൻ കരിയർ അവസാനിപ്പിക്കുമെന്ന് 35-കാരിയായ ഹീലി വ്യക്തമാക്കി. 15 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിൽ എട്ട് ലോകകപ്പ് കിരീട വിജയങ്ങളിൽ പങ്കാളിയായ ഹീലി, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.

300-ഓളം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 7,000-ലധികം റൺസും വിക്കറ്റിന് പിന്നിൽ 275 ഡിസ്മിസലുകളും ഹീലി സ്വന്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിൽ നിന്ന് താൻ വിട്ടുനിൽക്കുമെന്നും എന്നാൽ ഏകദിന പരമ്പരയിലും പെർത്തിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിലും ടീമിനെ നയിക്കുമെന്നും ഹീലി അറിയിച്ചു.
2025-ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ 16-0 ന് വൈറ്റ് വാഷ് ചെയ്തത് ഹീലിയുടെ കീഴിലെ വലിയ നേട്ടങ്ങളിലൊന്നാണ്.









