ബ്രസീലിയൻ ഫുട്ബോൾ താരം ലൂക്കാസ് പക്വേറ്റ തന്റെ പഴയ ക്ലബ്ബായ ഫ്ലമെംഗോയിലേക്ക് മടങ്ങാൻ വ്യക്തിഗത നിബന്ധനകളിൽ ധാരണയിലെത്തി. 2026 ജനുവരിയിലെ ട്രാൻസ്ഫർ ജാലകം സജീവമായിരിക്കെ, നിലവിലെ ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ് വിട്ട് ബ്രസീലിലേക്ക് മടങ്ങാനുള്ള തന്റെ ശക്തമായ ആഗ്രഹം താരം പ്രകടിപ്പിച്ചു കഴിഞ്ഞു. കളിക്കാരനുമായി ധാരണയിലെത്തിയതോടെ ഇനി വെസ്റ്റ് ഹാം യുണൈറ്റഡുമായുള്ള ചർച്ചകളിലാകും ഫ്ലമെംഗോയുടെ ശ്രദ്ധ.

ലണ്ടൻ വിട്ട് നാട്ടിലേക്ക് മടങ്ങാൻ പക്വേറ്റ തന്നെ ക്ലബ്ബ് അധികൃതർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഫ്ലമെംഗോയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന പക്വേറ്റ എ.സി മിലാൻ, ലിയോൺ എന്നീ ക്ലബ്ബുകൾക്ക് ശേഷമാണ് വെസ്റ്റ് ഹാമിലെത്തിയത്. തങ്ങളുടെ പ്രധാന താരത്തിന് ഏകദേശം 60 മില്യൺ യൂറോയാണ് വെസ്റ്റ് ഹാം വിലയിട്ടിരിക്കുന്നത്.
എന്നാൽ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാനുള്ള പക്വേറ്റയുടെ തീരുമാനം വെസ്റ്റ് ഹാം അംഗീകരിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. പ്രീമിയർ ലീഗിൽ റിലഗേഷൻ ഒഴിവാക്കാൻ പൊരുതുകയാണ് വെസ്റ്റ് ഹാം ഇപ്പോൾ.









