ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങൾക്കായി യുവ ഓൾറൗണ്ടർ ആയുഷ് ബദോനിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ് പുറത്തായ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് ഇരുപത്തിയാറുകാരനായ ഈ ഡൽഹി താരം ടീമിലെത്തുന്നത്. രാജ്കോട്ട്, ഇൻഡോർ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ താരവും ഉണ്ടാകും.

ലിസ്റ്റ് എ ക്രിക്കറ്റിൽ ബാറ്റിംഗിൽ 36.47 ശരാശരിയും ബൗളിംഗിൽ 29.72 ശരാശരിയുമുള്ള ബദോനി, ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും ലഖ്നൗ സൂപ്പർ ജയന്റ്സിനായും നടത്തിയ മികച്ച പ്രകടനങ്ങളാണ് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വലങ്കയ്യൻ ബാറ്റിംഗിനൊപ്പം ഓഫ് സ്പിന്നും വഴങ്ങുന്ന ബദോനി, വാഷിംഗ്ടൺ സുന്ദറിനെപ്പോലെ ടീമിന്റെ ലോ ഓർഡറിൽ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0 ന് മുന്നിലാണ്.









