ഇറ്റാലിയൻ ഫുട്ബോൾ താരം മരിയോ ബലോട്ടെല്ലി യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ അൽ ഇത്തിഫാഖുമായി രണ്ടര വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ദുബായിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് 35-കാരനായ ബലോട്ടെല്ലി ക്ലബ്ബിലെത്തിയത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള അൽ ഇത്തിഫാഖിനെ റെലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ വമ്പൻ സൈനിംഗ് നടന്നിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ ഇറ്റാലിയൻ ക്ലബ്ബായ ജെനോവയുമായുള്ള കരാർ അവസാനിച്ച ശേഷം ഫ്രീ ഏജന്റായി തുടരുകയായിരുന്നു ബലോട്ടെല്ലി. ജെനോവയ്ക്കായി ആറ് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നിലവിൽ ലീഗിൽ ആകെ ആറ് ഗോളുകൾ മാത്രം നേടിയിട്ടുള്ള അൽ ഇത്തിഫാഖിന് ബലോട്ടെല്ലിയുടെ വരവ് ആക്രമണ നിരയിൽ പുതിയ ഊർജ്ജം നൽകും. ആറ് രാജ്യങ്ങളിലായി ബലോട്ടെല്ലി കളിക്കുന്ന പതിനാലാമത്തെ ക്ലബ്ബാണിത്.
ക്ലബ്ബ് പ്രസിഡന്റ് പിയട്രോ ലാറ്റെർസ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.









