ഒന്നും രണ്ടും ഗോളല്ല, പത്തെണ്ണം! മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് നാലാം റൗണ്ടിൽ

Wasim Akram

ഇംഗ്ലീഷ് മൂന്നാം ഡിവിഷൻ ക്ലബ് ആയ എക്സ്റ്റർ സിറ്റിയെ തകർത്തെറിഞ്ഞു മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് നാലാം റൗണ്ടിലേക്ക് മുന്നേറി. സ്വന്തം മൈതാനത്ത് 10-1 എന്ന വമ്പൻ സ്കോറിന് ആണ് സിറ്റി ജയം കണ്ടത്. പ്രമുഖ താരങ്ങളും ആയി ഇറങ്ങിയ സിറ്റി ഉറപ്പിച്ചു തന്നെയാണ് എത്തിയത്. സിറ്റി അരങ്ങേറ്റം കുറിച്ച അന്റോയിൻ സെമെനിയോയും ഒരു ഗോളും ഒരു അസിസ്റ്റും ആയി തിളങ്ങിയ മത്സരത്തിൽ 2 ഗോളുകൾ സെൽഫ് ഗോളുകൾ ആയിരുന്നു. റികോ ലൂയിസ് രണ്ടു ഗോളുകൾ നേടിയ മത്സരത്തിൽ റോഡ്രി, റെയിന്റെയ്സ്, നികോ ഒറെയ്ലി, മാക്‌സ് അല്ലെയ്നെ, റയാൻ എന്നിവരാണ് സിറ്റിയുടെ മറ്റു ഗോളുകൾ നേടിയത്.

1986 നു ശേഷം ഇംഗ്ലണ്ടിൽ ഒരു മത്സരത്തിൽ 10 ഗോളുകൾ നേടുന്ന ആദ്യ ടോപ്പ് ഫ്‌ളൈറ്റ് ക്ലബായി സിറ്റി ഇന്ന് മാറി. എഫ്.എ കപ്പിൽ 1960 നു ശേഷം ഇത് ആദ്യമായാണ് ഒരു ടീം 10 ഗോളുകൾ നേടുന്നത്. അതേസമയം പെനാൽട്ടി ഷൂട്ട് ഔട്ടിൽ എവർട്ടണിനെ വീഴ്ത്തിയ സണ്ടർലാന്റും നാലാം റൗണ്ടിലേക്ക് മുന്നേറി. 3 പെനാൽട്ടികൾ രക്ഷിച്ച ഗോൾ കീപ്പർ റോഫസ് ആണ് അവരുടെ ഹീറോ ആയത്. മിഡിൽസ്‌ബ്രോയിനെ തിരിച്ചു വന്നു 3-1 നു തോൽപ്പിച്ച ഫുൾഹാമും നാലാം റൗണ്ടിൽ എത്തി. ബേർൺലി, ബ്രന്റ്ഫോർഡ്, സൗതാപ്റ്റൺ ടീമുകളും എഫ്.എ കപ്പിൽ മുന്നേറി.