ജയ്പൂർ: ഇന്ത്യൻ ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി എന്ന റെക്കോർഡ് സർഫറാസ് ഖാൻ സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ പഞ്ചാബിനെതിരെ വെറും 15 പന്തിൽ നിന്നാണ് സർഫറാസ് അർധസെഞ്ചുറി തികച്ചത്. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡുകൾ പഴങ്കഥയാക്കിയാണ് ഈ മുംബൈ താരം ആഭ്യന്തര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്.

1995-ൽ ബറോഡയ്ക്കെതിരെ 16 പന്തിൽ അർധസെഞ്ചുറി നേടിയ അഭിജിത് കാലെയുടെയും, 2021-ൽ ഇതേ നേട്ടം ആവർത്തിച്ച അതിത് ഷേത്തിന്റെയും റെക്കോർഡാണ് സർഫറാസ് മറികടന്നത്. ജയ്പൂരിലെ ജയ്പുരിയ വിദ്യാലയ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ സർഫറാസ്, തുടക്കം മുതൽ അക്രമിച്ച് കളിക്കുകയായിരുന്നു. പഞ്ചാബ് നായകൻ അഭിഷേക് ശർമ്മയെയും സ്പിന്നർ ഹർപ്രീത് ബ്രറിനെയും ഫോറുകളും സിക്സറുകളും കൊണ്ട് നേരിട്ട താരം വെറും 20 പന്തിൽ 62 റൺസെടുത്താണ് പുറത്തായത്. ഈ മിന്നൽ ഇന്നിംഗ്സിൽ 7 ഫോറുകളും 5 സിക്സറുകളും ഉൾപ്പെടുന്നു.
ലഭ്യമായ കണക്കുകൾ പ്രകാരം ലിസ്റ്റ്-എ ക്രിക്കറ്റിലെ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ നാലാമത്തെ അർധസെഞ്ചുറിയാണിത്. 2005-06 സീസണിൽ 12 പന്തിൽ അർധസെഞ്ചുറി നേടിയ ശ്രീലങ്കൻ താരം കൗശല്യ വീരരത്നയാണ് ഈ പട്ടികയിൽ ഒന്നാമത്.
ഐപിഎൽ 2026 മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ സർഫറാസ് നിലവിൽ മികച്ച ഫോമിലാണ്. വിജയ് ഹസാരെ ട്രോഫിയിലെ ആറ് മത്സരങ്ങളിൽ നിന്നായി 303 റൺസ് നേടി മുംബൈയുടെ ടോപ്പ് സ്കോററാണ് ഇദ്ദേഹം. 190.56 എന്ന സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന സർഫറാസ്, മുംബൈയെ ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.









