2026-ലെ ടി20 ലോകകപ്പിനായുള്ള പാകിസ്ഥാന്റെ 20 അംഗ പ്രാഥമിക ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ ഒഴിവാക്കിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ബാബർ അസം, പേസ് നിരയുടെ കരുത്തായ ഷഹീൻ ഷാ അഫ്രീദി, ഓൾറൗണ്ടർ ഷദാബ് ഖാൻ എന്നിവർ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ടീം ഔദ്യോഗികമായി ഉടൻ പാകിസ്താൻ പ്രഖ്യാപിക്കും.
ഹെഡ് കോച്ച് മൈക്ക് ഹെസ്സന്റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്‌മെന്റ് ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. റിസ്‌വാന് പകരം ഉസ്മാൻ ഖാനെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായി പരീക്ഷിക്കാനാണ് ഹെസ്സന്റെ താല്പര്യം. മുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായി വരുന്ന ഷഹീൻ അഫ്രീദി രണ്ടാഴ്ചയ്ക്കുള്ളിൽ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീമിൽ ഉൾപ്പെടുത്തിയത്. അതേസമയം, ബിഗ് ബാഷ് ലീഗിൽ സിഡ്‌നി തണ്ടറിനായി നടത്തിയ പ്രകടനം ബാബർ അസമിന് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ സഹായകരമായി.
ജനുവരി 31 വരെ ടീമുകളിൽ മാറ്റം വരുത്താൻ അവസരമുള്ളതിനാൽ, അനുഭവസമ്പന്നനായ റിസ്‌വാൻ അവസാന നിമിഷം ടീമിലെത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആകാംക്ഷ നിലനിൽക്കുന്നു.









