തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ ശ്രീലങ്കയെ 15 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരങ്ങളും വിജയിച്ച് 5-0 ന് ഇന്ത്യ പരമ്പര തൂത്തുവാരി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ ബാറ്റിംഗും ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനവുമാണ് ഈ വിജയത്തിന് പിന്നിൽ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. ഒരു ഘട്ടത്തിൽ 41 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ നായിക ഹർമൻപ്രീത് കൗർ മുന്നിൽ നിന്ന് നയിച്ചു. 43 പന്തിൽ 68 റൺസ് നേടിയ ഹർമൻപ്രീതിന്റെ ഇന്നിംഗ്സിൽ ഒൻപത് ഫോറുകളും ഒരു സിക്സറും ഉൾപ്പെട്ടു. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് (11 പന്തിൽ 27*) ഇന്ത്യൻ സ്കോർ 170 കടത്തി. ശ്രീലങ്കയ്ക്കായി കവിഷ ദിൽഹാരി, രശ്മിക സെവ്വാണ്ടി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. ഓപ്പണർ ഹസിനി പെരേരയും (65) ഇമേഷ ദുലാനിയും (50) അർദ്ധസെഞ്ച്വറികളുമായി പൊരുതിയെങ്കിലും മറ്റ് താരങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ചാമരി അത്തപ്പത്തുവിനെ തുടക്കത്തിലേ പുറത്താക്കി അരുന്ധതി റെഡ്ഡി ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. ഇന്ത്യയ്ക്കായി ദീപ്തി ശർമ്മ, അമൻജോത് കൗർ, ശ്രീ ചരണി എന്നിവർ നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി.









