ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് തർക്കം തുടരുകയാണ്. ഇന്ത്യ സൗഹൃദപരമായ സമീപനമല്ല സ്വീകരിക്കുന്നതെങ്കിൽ കൈകൊടുക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) മേധാവി മൊഹ്‌സിൻ നഖ്‌വി വ്യക്തമാക്കി. ഡിസംബർ 28-ന് ലാഹോറിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നഖ്‌വി ബിസിസിഐയുടെ നിലപാടുകൾക്കെതിരെ ആഞ്ഞടിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുല്യതയിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പിന് ശേഷം പല തലത്തിലുള്ള മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചിരുന്നു. ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിലപാട്. ഏറ്റവും ഒടുവിൽ അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടിയതും വലിയ വിവാദമായിരുന്നു. കൂടാതെ ഏഷ്യാ കപ്പ് ട്രോഫി നഖ്‌വിയിൽ നിന്ന് ഏറ്റുവാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതും പാകിസ്ഥാനെ പ്രകോപിപ്പിച്ചു.
ക്രിക്കറ്റും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് നഖ്‌വി പറഞ്ഞു. എങ്കിലും പാകിസ്ഥാൻ ക്രിക്കറ്റിന്റെ അന്തസ്സ് പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്ന കർശന നിലപാടിലാണ് ബോർഡ് എന്ന് അദ്ദേഹം പറഞ്ഞു.









