ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ വയറിനേറ്റ പരിക്കിനെത്തുടർന്ന് (Spleen injury) വിശ്രമത്തിലായിരുന്ന താരം ഇപ്പോൾ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു.

ജനുവരി 11-ന് വഡോദരയിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ അയ്യർ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (CoE) പരിശോധനകൾക്കും പരിശീലനത്തിനുമായി താരം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് ഒരു മണിക്കൂറോളം ബാറ്റിംഗ് പരിശീലനം നടത്തിയ അയ്യർക്ക് നിലവിൽ വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ സിഇഒയിലെ മെഡിക്കൽ സംഘം അയ്യറുടെ കായികക്ഷമത വിശദമായി വിലയിരുത്തും. ഇതിന് ശേഷമായിരിക്കും ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനായി അദ്ദേഹത്തെ പരിഗണിക്കുക.
ദേശീയ ടീമിൽ ചേരുന്നതിന് മുൻപായി വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനായി അയ്യർ കളിച്ചേക്കും. ജനുവരി ആദ്യ വാരം ജയ്പൂരിൽ നടക്കുന്ന മുംബൈയുടെ മത്സരങ്ങളിൽ താരം പങ്കെടുത്തേക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.









