ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വിട്ടുനിന്നിരുന്ന ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനൊപ്പം ചേരുന്നു. വയറുവേദനയെത്തുടർന്ന് (Gastroenteritis) പുണെയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരത്തിന് ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ നഷ്ടമായിരുന്നു.

ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ജയ്സ്വാൾ, ജയ്പൂരിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായി മുംബൈ ടീമിനൊപ്പം ചേരും. ബുധനാഴ്ച ഗോവയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിക്കാനാണ് സാധ്യത.
ജയ്സ്വാളിന്റെ അഭാവത്തിൽ രോഹിത് ശർമ്മയായിരുന്നു മുംബൈയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നത്. ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഫോം നിലനിർത്താൻ ജയ്സ്വാളിന്റെ തിരിച്ചുവരവ് സഹായിക്കും. മുംബൈ ടീമിനെ സംബന്ധിച്ചിടത്തോളം ജയ്സ്വാളിന്റെ വരവ് ബാറ്റിംഗ് നിരയ്ക്ക് വലിയ കരുത്ത് പകരും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം അസുഖബാധിതനായ താരത്തിന് ഈ തിരിച്ചുവരവ് ഏറെ നിർണ്ണായകമാണ്.
മറുഭാഗത്ത്, പഞ്ചാബ് ടീമിനും ആശ്വാസവാർത്തയാണുള്ളത്. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിന് മുൻപ് ക്യാപ്റ്റൻ അഭിഷേക് ശർമ്മ ടീമിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ വിട്ടുനിന്നിരുന്ന താരം ഞായറാഴ്ച പരിശീലനത്തിൽ സജീവമായിരുന്നു.









