2026-ലെ ടി20 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പാകിസ്ഥാൻ സൂപ്പർ പേസർ ഷഹീൻ ഷാ അഫ്രീദിക്കേറ്റ പരിക്ക് സെലക്ടർമാരെ ആശങ്കയിലാഴ്ത്തുന്നു. ഓസ്ട്രേലിയയിൽ നടക്കുന്ന ബിഗ് ബാഷ് ലീഗിൽ (BBL) ബ്രിസ്ബേൻ ഹീറ്റിനായി കളിക്കുന്നതിനിടെയാണ് അഫ്രീദിക്ക് വലതുകാലിന്റെ മുട്ടിന് പരിക്കേറ്റത്.

ശനിയാഴ്ച അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് തന്റെ ബോളിംഗ് സ്പെൽ പൂർത്തിയാക്കാൻ സാധിക്കാതെ അഫ്രീദി മൈതാനം വിട്ടു.
മത്സരത്തിൽ മൂന്ന് ഓവർ എറിഞ്ഞ അഫ്രീദി 26 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയിരുന്നില്ല. 14-ാം ഓവറിൽ മിഡ്-ഓണിൽ ഫീൽഡ് ചെയ്യുന്നതിനിടെ പന്ത് പിന്തുടരുന്നതിനിടയിലാണ് താരത്തിന്റെ മുട്ടിന് വേദന അനുഭവപ്പെട്ടത്.
വേദനയോടെ മുട്ടിൽ കൈവെച്ച് നിൽക്കുന്ന അഫ്രീദിയുടെ ദൃശ്യങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ആരാധകർക്കും വലിയ ആധിയാണ് നൽകുന്നത്. പരിക്കിന്റെ തീവ്രത അറിയാൻ താരം ഉടൻ തന്നെ സ്കാനിംഗിന് വിധേയനാകും. ഫെബ്രുവരി 7-ന് ശ്രീലങ്കയിലെ കൊളംബോയിൽ നെതർലൻഡ്സിനെതിരെയാണ് ലോകകപ്പിൽ പാകിസ്ഥാന്റെ ആദ്യ മത്സരം. ഫെബ്രുവരി 15-ന് ഇന്ത്യയ്ക്കെതിരെയുള്ള വമ്പൻ പോരാട്ടവും നടക്കാനിരിക്കുകയാണ്.
ഈ സീസണിലെ ബിഗ് ബാഷ് ലീഗിൽ അഫ്രീദിക്ക് അത്ര മികച്ച ഫോമിലായിരുന്നില്ല കളിക്കാൻ കഴിഞ്ഞിരുന്നത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റുകൾ മാത്രമാണ് താരം നേടിയത്.









