സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ അൽ നസറിന് റെക്കോർഡ് വിജയം. അൽ ഒഖ്‌ദൂദിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് സീസണിലെ ആദ്യ പത്ത് മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടം ജോർജ് ജെസ്യൂസിന്റെ കീഴിലുള്ള അൽ നസർ സ്വന്തമാക്കി. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള അൽ ഹിലാലിനേക്കാൾ നാല് പോയിന്റ് മുന്നിലെത്തി ഒന്നാം സ്ഥാനം ഉറപ്പിക്കാനും അവർക്കായി.

മത്സരത്തിന്റെ 31-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്നുള്ള അവസരം മുതലാക്കി റോണാൾഡോ ടീമിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അതിമനോഹരമായ ഒരു ബാക്ക് ഹീൽ ഗോളിലൂടെ റോണാൾഡോ തന്റെ രണ്ടാം ഗോളും അൽ നസറിന്റെ ലീഡും ഉയർത്തി. ഈ സീസണിലെ ലീഗിൽ റോണാൾഡോയുടെ ഗോൾ നേട്ടം ഇതോടെ പന്ത്രണ്ടായി. ഗോൾ വേട്ടക്കാരുടെ പട്ടികയിൽ തന്റെ സഹതാരം ജാവോ ഫെലിക്സിനൊപ്പം ഒന്നാം സ്ഥാനത്ത് എത്താനും റോണാൾഡോയ്ക്ക് സാധിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫെലിക്സ് കൂടി ഗോൾ നേടിയതോടെ അൽ നസറിന്റെ വിജയം പൂർണ്ണമായി.
പത്ത് മത്സരങ്ങളിൽ നിന്ന് 30 പോയിന്റും 33 ഗോളുകളും അടിച്ചുകൂട്ടിയ അൽ നസർ അഞ്ച് ഗോളുകൾ മാത്രമാണ് ഇതുവരെ വഴങ്ങിയത്.









