2025 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ആതിഥേയരായ മൊറോക്കോയെ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ മാലി സമനിലയിൽ തളച്ചു. റബാത്തിൽ നടന്ന ആവേശകരമായ പോരാട്ടം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

ഒന്നാം പകുതിയുടെ അവസാന നിമിഷത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റയൽ മാഡ്രിഡ് താരം ബ്രാഹിം ഡയസാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലാസിൻ സിനായോക്കോ മാലിക്ക് സമനില സമ്മാനിച്ചു.
സ്വന്തം കാണികൾക്ക് മുന്നിൽ പന്തടക്കത്തിലും ആക്രമണത്തിലും മൊറോക്കോ ആധിപത്യം പുലർത്തിയെങ്കിലും മാലിയുടെ ശക്തമായ പ്രതിരോധം മറികടക്കാൻ അവർക്ക് പ്രയാസപ്പെടേണ്ടി വന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മൊറോക്കോ തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സാംബിയയും കൊമോറോസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മൊറോക്കോ ഇപ്പോഴും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ മൊറോക്കോയും മാലിയും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാനുള്ള മികച്ച സാധ്യത നിലനിർത്തുന്നുണ്ട്. എങ്കിലും സ്വന്തം മൈതാനത്ത് വിജയം കൈവിട്ടത് മൊറോക്കോയെ സംബന്ധിച്ചിടത്തോളം ചെറിയ നിരാശയാണ്.









