ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർ മെൽബണെ കുറിച്ച് മിണ്ടുന്നില്ല – പീറ്റേഴ്സൺ

Newsroom

1000392877


ആഷസ് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 20 വിക്കറ്റുകൾ വീണതിന് പിന്നാലെ, പിച്ചിന്റെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള നിലപാടുകളിലെ ഇരട്ടത്താപ്പിനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ രംഗത്തെത്തി. ഇന്ത്യയിലെ പിച്ചുകളിൽ ആദ്യദിനം തന്നെ വിക്കറ്റുകൾ വീഴുമ്പോൾ വലിയ രീതിയിൽ വിമർശിക്കുന്നവർ ഓസ്‌ട്രേലിയയിലെ പിച്ചിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Resizedimage 2025 12 26 12 27 06 1

ഇന്ത്യയിൽ ഇത്തരം സാഹചര്യം ഉണ്ടാകുമ്പോൾ എല്ലാവരും കടന്നാക്രമിക്കാറുണ്ടെന്നും നീതി എല്ലാവർക്കും ഒരുപോലെയാകണമെന്നും പീറ്റേഴ്സൺ എക്സിൽ കുറിച്ചു. അടുത്തിടെ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പിച്ചിനെച്ചൊല്ലി ഉണ്ടായ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് പീറ്റേഴ്സൺ ഓസ്‌ട്രേലിയയെയും പിച്ചിനെയും വിമർശന വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്.

മെൽബണിൽ ബോക്സിംഗ് ഡേയിൽ നടന്ന മത്സരത്തിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ ഇംഗ്ലീഷ് പേസർ ജോഷ് ടംഗിന്റെ തകർപ്പൻ പ്രകടനം 152 റൺസിന് പുറത്താക്കിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അതിലും വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. വെറും 110 റൺസിന് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിച്ചതോടെ ആദ്യ ദിനം തന്നെ 20 വിക്കറ്റുകൾ നിലംപൊത്തി. 1909-ന് ശേഷം ഒരു ആഷസ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇത്രയധികം വിക്കറ്റുകൾ വീഴുന്നത് ഇതാദ്യമായാണ്.