വെസ്റ്റ് ബ്രോംവിച്ച് ആൽബിയണിൽ ലോൺ വ്യവസ്ഥയിൽ കളിച്ചിരുന്ന 21 വയസ്സുകാരനായ മധ്യനിര താരം ടോബി കോളിയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവിളിച്ചു. നവംബർ അവസാന വാരത്തിൽ ഏറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് ചികിത്സയ്ക്കായി താരം നേരത്തെ തന്നെ യുണൈറ്റഡിന്റെ പരിശീലന കേന്ദ്രമായ കാരിംഗ്ടണിൽ എത്തിയിരുന്നു.
ഏകദേശം എട്ട് ആഴ്ചയോളം വിശ്രമം വേണ്ടിവരുന്ന പരിക്കായതിനാലാണ്, പരിക്ക് ഭേദമായാലും താരത്തെ തിരികെ വെസ്റ്റ് ബ്രോമിലേക്ക് വിടേണ്ടതില്ലെന്ന് ക്ലബ്ബ് തീരുമാനിച്ചത്. ഇതോടെ ഈ സീസൺ മുഴുവൻ നീളേണ്ടിയിരുന്ന ലോൺ കരാർ നേരത്തെ അവസാനിച്ചു.
വെസ്റ്റ് ബ്രോമിനായി ഈ സീസണിൽ 12 മത്സരങ്ങളിൽ കളിച്ച കോളിയർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 88.6 ശതമാനം പാസ്സിംഗ് കൃത്യത പുലർത്തിയ താരം ചാമ്പ്യൻഷിപ്പിൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. എന്നാൽ ബെർമിംഗ്ഹാമിനെതിരായ മത്സരത്തിനിടെ ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ പരിക്കിന്റെയും താരങ്ങളുടെ മാറ്റത്തിന്റെയും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, കോളിയറെ സ്വന്തം മേൽനോട്ടത്തിൽ ചികിത്സിക്കാനും ടീമിനൊപ്പം നിർത്താനുമാണ് പരിശീലകൻ റൂബൻ അമോറിം താല്പര്യപ്പെടുന്നത്.
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ മധ്യനിരയിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ടോബി കോളിയറെ ഒരു പകരക്കാരനായി ടീമിൽ നിലനിർത്തുന്നത് ഗുണകരമാകുമെന്ന് യുണൈറ്റഡ് മാനേജ്മെന്റ് കരുതുന്നു.









