ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാനും ലീഗ് ഘടന സുസ്ഥിരമാക്കാനും ലക്ഷ്യമിട്ട് 20 വർഷത്തെ സമഗ്രമായ കർമ്മപദ്ധതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അവതരിപ്പിച്ചു. പുതിയ നിർദ്ദേശപ്രകാരം ടോപ്പ് ഡിവിഷൻ ലീഗിൽ കളിക്കുന്ന ഓരോ ക്ലബ്ബും പ്രതിവർഷം ഒരു കോടി രൂപ വീതം പങ്കാളിത്ത ഫീസായി നൽകേണ്ടതുണ്ട്.

കൂടാതെ, ലീഗിന്റെ സുഗമമായ നടത്തിപ്പിനും സാമ്പത്തിക ഭദ്രതയ്ക്കുമായി എല്ലാ ഓഹരിയുടമകളുടെയും പങ്കാളിത്തത്തോടെ ഒരു ‘സെൻട്രൽ ഓപ്പറേഷണൽ ബജറ്റ്’ രൂപീകരിക്കാനും എഐഎഫ്എഫ് പദ്ധതിയിടുന്നു. ഐഎസ്എൽ ക്ലബ്ബുകളുമായുള്ള തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫെഡറേഷന്റെ ഈ നീക്കം.
നിലവിൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് ലീഗിന്റെ ഉടമസ്ഥാവകാശത്തിൽ കൂടുതൽ പങ്കാളിത്തം വേണമെന്ന ആവശ്യം ശക്തമാണ്. 2026-27 സീസൺ മുതൽ എഐഎഫ്എഫിന് പ്രതിവർഷം 10 കോടി രൂപ ഗ്രാൻഡ് നൽകിക്കൊണ്ട് ക്ലബ്ബുകളുടെ നിയന്ത്രണത്തിലുള്ള ഒരു മാതൃകയിലേക്ക് മാറാനാണ് അവർ സമ്മർദ്ദം ചെലുത്തുന്നത്.
വാണിജ്യ അവകാശങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട ടെൻഡറുകൾ പരാജയപ്പെട്ടതും ഫെഡറേഷന്റെ സാമ്പത്തിക സ്ഥിതി മോശമായതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിന്റെ ദീർഘകാല വളർച്ചയ്ക്കും ഐക്യത്തിനും എഐഎഫ്എഫിന്റെ ഈ ഇടപെടൽ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, ക്ലബ്ബുകളുടെ പൂർണ്ണ പിന്തുണ ലഭിച്ചാൽ മാത്രമേ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ സാധിക്കൂ. ഇനിയൊരു കാലതാമസം കൂടാതെ ലീഗിന്റെ നടത്തിപ്പിൽ വ്യക്തത വരുത്തുക എന്നതിനാണ് ഫെഡറേഷൻ ഇപ്പോൾ മുൻഗണന നൽകുന്നത്.









