വൈഭവ് സൂര്യവൻശിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം; അഭിമാന നിമിഷം

Newsroom

Resizedimage 2025 12 26 11 09 04 1


ബിഹാറിന്റെ കൗമാര ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവൻശിക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ ബാലപുരസ്കാരമായ ‘പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം’ സമ്മാനിച്ചു. കായിക മേഖലയിലെ അസാധാരണമായ നേട്ടങ്ങൾ പരിഗണിച്ചാണ് 14 വയസ്സുകാരനായ വൈഭവിനെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈഭവ് കൂടിക്കാഴ്ച നടത്തുകയും തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യും.

Resizedimage 2025 12 24 10 55 09 1

ചെറിയ പ്രായത്തിൽ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ താരത്തിന്റെ നേട്ടം ബിഹാറിനും ഇന്ത്യൻ ക്രിക്കറ്റിനും വലിയൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ വൈഭവ് നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് ഈ നേട്ടത്തിലേക്ക് വഴിതുറന്നത്.

ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ വെറും 84 പന്തിൽ നിന്ന് 190 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ പ്രകടനം ലോക ശ്രദ്ധ നേടിയിരുന്നു. ആ ഇന്നിംഗ്‌സിൽ 36 പന്തിൽ സെഞ്ചറി തികച്ച താരം, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി. കൂടാതെ സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സിന്റെ പേരിൽ ഉണ്ടായിരുന്ന അതിവേഗ 150 റൺസിന്റെ റെക്കോർഡും (54 പന്തിൽ) ഈ 14 വയസ്സുകാരൻ തിരുത്തിക്കുറിച്ചു.

പുരസ്കാര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ വിജയ് ഹസാരെ ട്രോഫിയിൽ മണിപ്പൂരിനെതിരായ ബിഹാറിന്റെ മത്സരം വൈഭവിന് നഷ്ടമായി. എങ്കിലും രാജ്യത്തെ പരമോന്നത സിവിലിയൻ അംഗീകാരങ്ങളിലൊന്ന് തേടിയെത്തുന്നത് താരത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്. പ്രായം ഒരു തടസ്സമല്ലെന്ന് തന്റെ ബാറ്റിംഗിലൂടെ തെളിയിച്ച വൈഭവ് സൂര്യവംശി, ഇന്ത്യയുടെ ക്രിക്കറ്റ് ഭാവിയുടെ വലിയൊരു വാഗ്ദാനമായാണ് ഇപ്പോൾ അറിയപ്പെടുന്നത്.